#Perambra #Anganwadi Workers #Honorarium #CITU
പേരാമ്പ്ര: അങ്കണവാടി ജീവനക്കാരുടെയും ഹെല്‍പ്പര്‍മാരുടെയും ഹോണറേറിയം കുടിശ്ശികയാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പേരാമ്പ്രയില്‍ പ്രതിഷേധം ശക്തമായി. ഇതിനെതിരെ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി ജീവനക്കാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശിശുക്ഷേമത്തിനും പോഷകാഹാര വിതരണത്തിനും നിര്‍ണായക പങ്ക് വഹിക്കുന്ന അങ്കണവാടി ജീവനക്കാരുടെ അധ്വാനത്തെ അംഗീകരിക്കാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹോണറേറിയം ഓരോ മാസവും അഞ്ചാം തീയതിക്കുള്ളില്‍ തന്നെ ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിക്കണമെന്ന് യോഗം പ്രമേയം പാസാക്കി.
കുടിശ്ശിക എത്രയും പെട്ടെന്ന് നല്‍കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എം. കമലം അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.കെ. അജിത, എം.കെ. നിഷത, നളനി തുടങ്ങിയവര്‍ സംസാരിച്ചു.


കുറഞ്ഞ വേതനത്തില്‍ ദിവസവും കുട്ടികളുടെ കാര്യത്തിനായി അധ്വാനിക്കുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വി.എം. ഷീജ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി. അനിത നന്ദിയും പറഞ്ഞു. നിരവധി അങ്കണവാടി ജീവനക്കാരും ഹെല്‍പ്പര്‍മാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
Content Highlight: Anganwadi Workers Protest in Perambra Over Honorarium Arrears










































.jpg)
