മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയ മോട്ടോര്‍ സൈക്കിള്‍ ഒമ്പതാം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. കുറ്റ്യാടി ലിമിറ്റിലെ കൂളിക്കുന്നിലുള്ള ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ വീടിന്റെ പരിസരത്ത് നിന്നുമാണ് മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് റൂറല്‍ എസ്പിയുടെ നിര്‍ദേശത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ മോട്ടോര്‍സൈക്കിള്‍ കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുന്നതായി പൊലീസ് സംശയിച്ച വിദ്യാര്‍ത്ഥിയുടെ വീടിന്റെ പരിസരത്ത് കണ്ട കെഎല്‍ 13 ല്‍ 9154 മോട്ടോര്‍സൈക്കിളിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇത് മേപ്പയൂരില്‍ നിര്‍ത്തിയിട്ട സമയം മോഷണം പോയതാണെന്ന് കണ്ടെത്തിയത്.
മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരു സുഹൃത്ത് കൊടുത്തതാണെന്നാണ് കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി പറഞ്ഞത് കളവാണെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോട്ടോര്‍സൈക്കിള്‍ മേപ്പയ്യൂരില്‍ കഴിഞ്ഞ ദിവസം കാണാതായതാണെന്ന് കണ്ടെത്തിയത്. മോട്ടോര്‍ സൈക്കിള്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ആര്‍സി ഓണറെ വിളിച്ച് വരുത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് കൈമാറി.
അന്വേഷണത്തില്‍ ഇതിലുള്‍പ്പെട്ട കുട്ടികള്‍ മുമ്പും ഇത്തരത്തിലുള്ള കളവുകള്‍ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്. കഴിഞ്ഞ ദിവസം വടകര റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ബൈക്ക് എടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായാണ് വിവരം. കുട്ടികളെ ലഹരി നല്‍കി കരിയര്‍മാരാക്കുന്ന ലഹരി സംഘങ്ങള്‍ ഇവര്‍ക്ക് പുറകിലുണ്ടോ എന്നും സംശയമുണ്ട്. മേപ്പയൂര്‍ പൊലീസും എസ്പി യുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ മാരായ വി.സി ബിനീഷ്, സി.എം സുനില്‍ കുമാര്‍, അഖിലേഷ് എന്നിവരും ചേര്‍ന്നാണ് ബൈക്ക് കണ്ടെത്തിയത്. ഇവരില്‍ നിന്നും ലഹരിമാഫിയ സംഘങ്ങളെ കുറിച്ചുള്ള സൂചന ലഭിച്ചതായാണ് വിവരം.
Content Highlight: Stolen motorcycle found at ninth grader's house











































.jpg)
