കോഴിക്കോട്: ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടി ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; ഡ്രൈവറുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.
വാഹനാപകടത്തില്‍ നിന്ന് തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നില്‍ക്കുകയായിരുന്ന അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു.
കോഴിക്കോട് നിന്ന് വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവര്‍ പെട്ടെന്ന് വലത്തേക്ക് തിരിച്ച് ബ്രേക്ക് ചവിട്ടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഈ സമയം കുട്ടി ബസിനരികില്‍ നിന്ന് ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
കുട്ടി സുരക്ഷിതയാണെങ്കിലും ആ നിമിഷത്തിന്റെ ആഘാതത്തില്‍ നിന്നും ബസ് ഡ്രൈവര്‍ ഷനോജ് ഇതുവരെ മുക്തനായിട്ടില്ല. മാനസികമായി തളര്‍ന്ന ഷനോജ് പിന്നീട് ഇന്നാണ് വീണ്ടും ബസില്‍ ഡ്രൈവറായി എത്തിയത്. റോഡിലേക്ക് കുട്ടികളുമായി ഇറങ്ങുമ്പോള്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബസ് ഡ്രൈവര്‍ ഷനോജ് പറഞ്ഞു.


Child narrowly escapes car accident; driver's intervention averts major tragedy





























.jpg)
