ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറ മുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ആറുമാസം ഗര്‍ഭിണിയായ യുവതി മരിച്ചത് നാടിനെ ദു:ഖത്തിലാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ചെറുവണ്ണൂര്‍ കക്കറ മുക്കിലെ പൂവത്തിന്‍ ചാലില്‍ രാജന്റെ മകന്‍ രജിന്‍ ലാലും ഭാര്യ പാലേരി സ്വദേശിനിയായ സോന (27) മാണ് കാറില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് പെട്ടെന്ന് കത്തിയമര്‍ന്നത്.
ഓടിക്കൊണ്ടിരുന്ന കാറില്‍നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ തൊട്ടടുത്ത വയലില്‍നിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചത്.
നാട്ടുകാര്‍ ലാലുവിനെ കാറില്‍നിന്ന് പുറത്തെടുക്കുകയും ഉടന്‍തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ലാലു ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലേരി കുയിമ്പില്‍ കല്ലിക്കണ്ടി മീത്തല്‍ പരേതനായ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ്. സഹോദരന്‍ സോനു. സോനയുടെ പോസ്റ്റ് മോര്‍ട്ടത്തിനുള്ള നടപടികള്‍ നടന്നു വരികയാണ്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം പാലേരിയിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.


Content Highlight: The tragedy that saddened the country at cheruvannur






































.jpg)
