കോഴിക്കോട് : വിവരാവകാശം ഉള്‍പ്പെടെ മറ്റു മൗലികാവകാശങ്ങള്‍ ഒന്നും തന്നെ ആരുടെയും ഔദാര്യമല്ലെന്നും അവ പിടിച്ചു വാങ്ങേണ്ടവയല്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരം ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ലഭിച്ചാല്‍ ഓഫീസില്‍ വന്ന് ഫയല്‍ പരിശോധിച്ചു രേഖകളുടെ പകര്‍പ്പ് എടുക്കാം എന്ന് മറുപടി നല്‍കുന്നത് ഉചിതമല്ല. ആ കാര്യാലയത്തില്‍ ലഭ്യമായ വിവരങ്ങള്‍ തപാല്‍/ ഇ മെയില്‍ വഴി അപേക്ഷകന് അയച്ചു നല്‍കുകയാണ് വേണ്ടത്. അവ കഴിവതും വേഗം തന്നെ അയച്ചു നല്‍കേണ്ടതുമാണ്. വിവരം നല്‍കാനുള്ള പരമാവധി സമയമാണ് 30 ദിവസം. ഒരു പൊതു അധികാരിക്ക് പ്രാപ്യമാവുന്ന സ്വകാര്യമേഖലയിലെ വിവരവും ലഭ്യമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഫയല്‍ പരിശോധിക്കണമെന്ന് അപേക്ഷകര്‍ ആവശ്യപ്പെടുമ്പോഴാണ് അതിനുള്ള സൗകര്യം ഉദ്യോഗസ്ഥര്‍ ഒരുക്കേണ്ടത്. അല്ലെങ്കില്‍ സങ്കീര്‍ണമായ ക്രോഡീകരിക്കപ്പെട്ടിട്ടില്ലാത്ത വിവരങ്ങള്‍ ആയിരിക്കണം ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥരും അപേക്ഷകരും വിവരാവകാശ നിയമത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടുകൊണ്ട് പെരുമാറണമെന്നും കമ്മീഷണര്‍ പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളില്‍ വിവരം ലഭ്യമാക്കാത്ത വിവിധ ഓഫീസുകളിലെ വിവരാവകാശ ഓഫീസര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഹിയറിങ്ങില്‍ 17 ഹര്‍ജികള്‍ തീര്‍പ്പാക്കി.


Content Highlight: Rights are not something to be taken away; Adv. TK Ramakrishnan












































.jpg)
