Jan 2, 2026 09:07 PM

പേരാമ്പ്ര : കളഞ്ഞ് കിട്ടിയ തുക ഉടമക്ക് തിരികെ നല്‍കി കട ഉടമയായ യുവതി മാതൃകയായി. പേരാമ്പ്ര പൈതോത്ത് പനക്കാട് വടക്കയില്‍ സിന്ധു ഷാജുവാണ് തന്റെ കടയില്‍ നിന്നും ലഭിച്ച 20000 ത്തോളം വരുന്ന തുക ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായത്. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശം കോക്കോ ജൂസി എന്ന ഇളനീര്‍ കട നടത്തുകയാണ് സിന്ധു.

ഡിസംബര്‍ 31 ന് രാത്രിയാണ് കട അടക്കാന്‍ നേരം കട വൃത്തിയാക്കുന്നതിനിടെ ഒരു കവര്‍ സിന്ധുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. എടുത്ത് നോക്കിയപ്പോള്‍ പണമാണെന്ന് മനസിലായി. പണം ലഭിച്ച വിവരം അടുത്തുള്ള കടക്കാരെയും വ്യാപാരി വ്യവസായി അംഗങ്ങളെയും അറിയിച്ചു. ഒന്ന് രണ്ട് ദിവസം കാത്ത് ആരും എത്തിയില്ലെങ്കില്‍ തുക പൊലീസില്‍ ഏല്പിക്കാനായിരുന്നു സിന്ധുവിന്റെ തീരുമാനം. ഇന്നലെയും ഇന്നും ആരും പണം അന്വേഷിച്ച് എത്തിയില്ല. അതിനാല്‍ ഇന്ന് വൈകിട്ട് പണം അടങ്ങിയ കവര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഏല്പിച്ചു.

എന്നാല്‍ നഷ്ടപ്പെട്ട പണത്തിന്റെ ഉടമ അന്വേഷിച്ച് ഇന്ന് വൈകിട്ടോടെ നടുവണ്ണൂരിലെ കടയില്‍ എത്തി. നടുവണ്ണൂര്‍ പേരാമ്പ്ര കുറ്റ്യാടി എന്നിവിടങ്ങളിലെ കടകളില്‍ സവാള ഇറക്കിക്കൊടുക്കുന്ന കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി സുധീറിന്റെതായിരുന്നു തുക. 31-ാം തിയ്യതി നടുവണ്ണൂരില്‍ പച്ചക്കറി ഇറക്കുന്നതിനിടയില്‍ കോക്കോ ജൂസിയില്‍ കയറി ഇയാള്‍ ഇളനീര്‍ ജൂസ് കഴിച്ചിരുന്നു. പേന്റ്‌സിന്റെ പോക്കറ്റില്‍ ഇട്ടിരുന്ന അന്നത്തെ കലക്ഷന്‍ പണമാണ് നഷ്ടമായത്. തിരികെ കോഴിക്കോട് എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി സുധീര്‍ അറിയുന്നത്. അന്ന് പോയ സ്ഥലങ്ങളിലെല്ലാം ഇന്നെലയും ഇന്നുമായ അന്വേഷിച്ച് ഒടുവിലാണ് നടുവണ്ണൂരില്‍ എത്തുന്നത്.

ഇയാള്‍ അന്ന് കടയില്‍ വന്നിരുന്നതായി തിരിച്ചറിഞ്ഞ സിന്ധു മകള്‍ അജന്യയോടൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി പൊലീസില്‍ ഏല്പിച്ച തുക പൊലീസിന്റെ സാന്നിധ്യത്തില്‍ സുധീറിന് കൈമാറി. പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ സനത്.എം.പ്രദീപ്, എഎസ്‌ഐ രാജേഷ്, പൊലീസ് ഓഫീസര്‍മാരായ രതീഷ്, സുരേഷ് എന്നിവര്‍ സംബന്ധിച്ചു.

പണം ലഭിച്ചത് മുതല്‍ ആകെ ടെന്‍ഷനായെന്നും കിടന്നിട്ട് ഉറക്കം വന്നില്ലെന്നും സിന്ധു പറഞ്ഞു. പണം കയ്യില്‍ സൂക്ഷിക്കാന്‍ പേടിയായെന്നും കള്ളനോട്ടോ മറ്റോ ആണെങ്കിലോ എന്ന് ഭയന്നെന്നും ഉടമക്ക് തിരികെ നല്‍കാന്‍ കഴിഞ്ഞതോടെ സമാധാനം ലഭിച്ചതായും സിന്ധു പറഞ്ഞു. സുധീര്‍ തന്റെ സന്തോഷത്തിനായി പാരിതോഷികം നല്‍കാന്‍ നോക്കിയിട്ട് അതു വാങ്ങാന്‍ സിന്ധുവും മകളും തയ്യാറായില്ല. ഒരു മിഠായി പോലും ഈ വകയില്‍ വാങ്ങില്ലെന്നും ഇവര്‍ അറിയിച്ചു.

സിന്ധുവിന്റെ മകന്റെ കയ്യില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രക്കിടെ 15000 രൂപ നഷ്ടപ്പെട്ട് പോയിരുന്നു. അത് ഇത് വരെ തിരിച്ച് കിട്ടാത്ത അനുഭവവും ഈ കുടുംബത്തിനുണ്ട്. എന്നിട്ടും അന്യന്റെ മുതല്‍, തങ്ങള്‍ക്ക് അവകാശപ്പെടാത്തത് തങ്ങള്‍ക്ക് വേണ്ടന്ന് പറഞ്ഞ് കളഞ്ഞ് കിട്ടിയതുക ഉടമക്ക് തിരികെ നല്‍കിയ സിന്ധുവിന് അഭിനന്ദന പ്രവാഹമാണ്.


Young woman becomes role model by returning stolen money to owner in perambra

Next TV

Top Stories










News Roundup