മേപ്പയ്യൂര്‍: മാഹിയില്‍ നിന്നും വില്‍പനക്ക് കൊണ്ടുവന്ന 21 ലിറ്റര്‍ മദ്യവുമായി പേരാമ്പ്ര സ്വദേശി മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയില്‍. പേരാമ്പ്ര ചിരുതകുന്നുമ്മല്‍ തയ്യുള്ള പറമ്പില്‍ ജിനേഷിനെയാണ് (42) കേരളത്തില്‍ വില്‍പ്പന പാടില്ലാത്ത മാഹി മദ്യവുമായി പൊലീസ് പിടികൂടിയത്.
പേരാമ്പ്രയില്‍ സ്ഥിരമായി ഒരാള്‍ വലിയ തോതില്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ മുന്നിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച നിലയില്‍ മാഹിമദ്യവുമായി ചെറുവണ്ണൂരില്‍ വച്ച് കണ്ടെത്തിയത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ടി.യു ഫറസിന്റെ കീഴിലെ ഡാന്‍സാഫും പേരാമ്പ്ര ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്റെ കീഴിലെ സ്‌ക്വാഡും മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ഗിരീഷ്, സി ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ വാഹനം തടഞ്ഞ് പിടികൂടിയത്. പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
ഇയാള്‍ പൊലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ച് അതിസമര്‍ത്ഥമായി മാഹിയില്‍ നിന്നും മദ്യം കൊണ്ടുവന്ന് മദ്യവില്‍പന നടത്തുകയായിരുന്നു. ഇയാള്‍ പേരാമ്പ്ര കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ചെയ്തു വരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മദ്യം കൊണ്ടുവന്ന സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറും.


Perambra native arrested with liquor in Mahe






































