കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഒരു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. കിനാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന വിനോദ് എന്നയാളുടെ നില ഗുരുതരമാണ്.
ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിനാണ് തകര്‍ച്ച സംഭവിച്ചത്. തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. അപകടത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് സ്ലാബിനടിയില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ലോഡിങ്ങ് തൊഴിലാളികളാണ്.
ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണത്.
ഏഴുപേരില്‍ രണ്ട് പേര്‍ക്ക് ഓടി മാറി. എന്നാല്‍ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഇപ്പോഴത്തെ നിലയുടെയും സുരക്ഷാനിര്‍ദേശങ്ങളുടെയും പരിശോധനകള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.
3 killed as concrete slab of building collapses in accident






































