പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന അഴകുള്ള പേരാമ്പ്രയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. അഴകുള്ള പേരാമ്പ്ര പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം പൈലറ്റ് പ്രോജക്ട് പേരാമ്പ്ര പഞ്ചായത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുകയും ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം ചേരുകയും ചെയ്തു.
പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പേരാമ്പ്രയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും തുടര്‍ന്ന് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്‍പ്പെട്ടവരുടെയും പേരാമ്പ്ര ടൗണില്‍ മാസ് ക്ലീനിങ്ങ് നടത്തുവാനും, പേരാമ്പ്രയിലെ പൊതു ഇടങ്ങളില്‍ ട്വിന്‍ ബിന്നുകള്‍ സ്ഥാപിക്കുന്നതിനും, ബസ്റ്റാന്റിനോട് ചേര്‍ന്ന് ആധുനിക രീതിയിലുള്ള ഹൈടെക്ക് ശൗചാലയം നിര്‍മ്മിക്കുവാനും, നിലവിലെ കക്കൂസ് മാലിന്യ മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും, നഗര സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് എല്ലാ സ്‌കൂളുകളിലും ബോധവത്കരണ സെമിനാറുകള്‍ സംഘടിക്കുവാനും തീരുമാനിച്ചു.
അഴകുള്ള പേരാമ്പ്രയുടെ ഭാഗമായി ഇന്ന് പേരാമ്പ്ര പട്ടണത്തില്‍ കല്ലോട് മുതല്‍ കക്കാട് വരെ കാലത്ത് 7 മണി മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഓരോ വാര്‍ഡ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിര്‍വ്വഹിച്ചു.
നമ്മുടെ നാട് വൃത്തിയുള്ള നാടായി മാറണമെന്നും പേരാമ്പ്രയില്‍ പലസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നുണ്ടെന്നും മരക്കാടി തോട് മാലിന്യമുക്തമാക്കണമെന്നും അവര്‍ പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായി കാണണമെന്നും അങ്ങനെയാണെങ്കില്‍ മാത്രമേ പേരാമ്പ്രയെ മാലിന്യരഹിത പട്ടണം ആക്കി മാറ്റാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുനീര്‍ എരവത്ത്, കെ.കെ ഹനീഫ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വ്യാപാരികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, എന്‍എസ്എസ് കേഡറ്റുകള്‍, യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍, ജനപ്രതിനിധികള്‍, മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ്, കുടുംബശ്രീ സിഡിഎസ്, എഡിഎസ്, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ആശ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവര്‍ എല്ലാം തന്നെ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Content Highlight: A cleanliness drive was organized in Perambra














































.jpg)
