പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്‌ലറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ബീവറേജ് ഔട്ട്‌ലറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗും ആം ആദ്മി പാര്‍ട്ടിയും രംഗത്ത് വന്നു.
ബെവ്‌കോ ഔട്ട്‌ലറ്റ് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഫാത്തിമ തഹിലിയ എംഎല്‍എക്ക് നിവേദനം നല്‍കി. സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം നിത്യേനെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ നിലവിലുള്ള സ്ഥലത്ത് നിന്ന് ബീവറേജ് ഔട്ട് ലറ്റ് മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എംഎല്‍എ ഫാത്തിമ തഹിലിയക്ക് നിവേദനം നല്‍കിയത്.
പേരാമ്പ്രയിലെ ബീവറേജ് ഔട്ട്‌ലറ്റ് നിലവില്‍ പേരാമ്പ്ര ബസ് സ്റ്റാന്റിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍, ബസ് യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ എന്നിവര്‍ക്ക് പ്രയാസകരമായി മാറുകയാണ് നിലവില്‍ ഈ ഔട്ട് ലറ്റ്. പി.ടി. അഷ്‌റഫ്, ഇ. ഷാഹി, കെ.പി. റസാഖ്, ആര്‍.കെ. മുഹമ്മദ്, സി.പി. ഹമീദ്, വാളാഞ്ഞി ഇബ്രാഹിം, പി.കെ. റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂടാതെ ബീവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി നേതാവ് രഞ്ജിത്ത് മലയിലും രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പേരാമ്പ്ര ബസ്റ്റാന്റിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമായി മാറിയിരിക്കുകയാണ് ബസ്സ്റ്റാന്റ് പരിസരത്തെ ബീവറേജ് ഔട്ട്‌ലെറ്റെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.


മദ്യം വാങ്ങി ബസ്റ്റാന്റിനു സമീപങ്ങളില്‍ നിന്നും തന്നെ പരസ്യമായി മദ്യപിക്കുകയും, മദ്യപിച്ച് ബസ്സ് സ്റ്റാന്റില്‍ ബോധമില്ലാതെ ഉടുതുണി പോലുമില്ലാതെ പലരും കിടക്കുന്നത് നിത്യസംഭവമാണ്. യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായും റോഡിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ തന്നെ ബുദ്ധിമുട്ടാണന്നും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറുന്നതായും രഞ്ജിത്ത് മലയില്‍ പറഞ്ഞു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബസ്സ്റ്റാന്റ് പരിസരത്ത് തുറന്ന ബീവറേജ് ഔട്ട്‌ലെറ്റ് ഇനിയും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നിലനിര്‍ത്താതെ ബസ്സ്റ്റാന്റ് സമീപത്ത് നിന്നും മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെടുന്നതായി രഞ്ജിത്ത് മലയില്‍ ആവശ്യപ്പെട്ടു. നിരവധി പേരാണ് ഈ ആവശ്യത്തെ പിന്തുണക്കുന്നത്.
Content Highlight: Relocate the beverage outlet; petition





































.jpg)
