കോഴിക്കോട്: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ശാരീരിക അക്രമങ്ങളും വധഭീഷണികളും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും, ഇത്തരം സംഭവങ്ങളില്‍ ഭരണകൂടം പുലര്‍ത്തുന്ന നിസ്സംഗത ഭരണഘടനയോടുള്ള കടുത്ത അനീതിയാണെന്നും ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി പ്രസ്താവിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം ഇത്രയധികം വെല്ലുവിളികള്‍ നേരിടുന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
താമരശ്ശേരിയില്‍ പ്രാദേശിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ മജീദ് താമരശ്ശേരിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന വധഭീഷണി അതീവ ഗൗരവകരമാണെന്നും സത്യാവസ്ഥ വിളിച്ചുപറയുന്നവരുടെ നാവടപ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അതുപോലെതന്നെ, ഗുരുവായൂരില്‍ മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്രദര്‍ശന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ രാജു ഗുരുവായൂരിന് നേരെയുണ്ടായ കൈയേറ്റവും അക്രമവും അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ല എന്നതിന്റെ തെളിവുകളാണിത്.
വാര്‍ത്താശേഖരണത്തിനിറങ്ങുന്നവര്‍ക്ക് നേരെ ഗുണ്ടായിസവും ഭീഷണിയും ഉണ്ടാകുമ്പോള്‍ നടപടി എടുക്കേണ്ട ഭരണസംവിധാനം നിശബ്ദത പാലിക്കുന്നത് കുറ്റവാളികള്‍ക്ക് നല്‍കുന്ന പ്രോത്സാഹനമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.
ഭീഷണി നേരിടുന്ന മജീദ് താമരശ്ശേരിക്കും, അക്രമത്തിന് ഇരയായ രാജു ഗുരുവായൂരിനും ഐആര്‍എംയു പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ ആര്‍ എം യു തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡി. ദീപേഷ് ബാബു, വൈസ് പ്രസിഡന്റ്മാരായ കുഞ്ഞബ്ദുള്ള വാളൂര്‍, പ്രസാദ് കാടാങ്കോട്, സെക്രട്ടറിമാരായ യു.ടി ബാബു, പ്രിയേഷ് കുമാര്‍, കെ.പി അഷ്റഫ്, ജോഷി ജോസഫ്, സജേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Violence against journalists: Government must stop being indifferent; IRMU






























.jpg)
