പേരാമ്പ്ര: കൊയിലാണ്ടി കൊല്ലം പെട്രോള്‍ പമ്പിന് സമീപം ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന്പുലര്‍ച്ചെ 12:30 ഓടെയായിരുന്നു സംഭവം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ ക്യാബിനുള്ളില്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.
എസ്എഫ്ആര്‍ഒ ഐ. ഷിജി.സംഘം ബി. ഹേമന്ദ്, ടി.കെ. ഇര്‍ഷാദ്, എന്‍.പി. അനൂപ്, കെ.പി. നവീന്‍കുമാര്‍, ഐ. ഇന്ദ്രജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റ 28 പേരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.
Bus and container lorry collide; several injured






























