പേരാമ്പ്ര: നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവം ആഘോഷമാക്കി. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രത്യേകമായി അലങ്കരിച്ച സ്‌കൂള്‍ അങ്കണത്തിലേക്ക് പുതിയ വിദ്യാര്‍ഥികളെ ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി കുഞ്ഞു കാല്‍വെയ്പ്പുകള്‍ ഇന്ന് വിദ്യാലയ മുറ്റത്തേക്ക്്. മധുരം നിറഞ്ഞ പുഞ്ചിരികളുമായി അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് കുരുന്നുകളെ അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിന് സാക്ഷിയായി.


പ്രവേശനോത്സവം കുട്ടികളുടെ മനസ്സില്‍ മധുരമായ ഓര്‍മ്മകളാണ് സമ്മാനിച്ചത്. കളിചിരികളുടെയും കൗതുകക്കാഴ്ചകളുടെയും നടുവില്‍ ഒരു പുതിയ അധ്യയന വര്‍ഷത്തിന് വര്‍ണ്ണാഭമായ ആഘോഷത്തോടെ തുടക്കമായി.
അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കുന്ന ഈ യാത്രയില്‍, നാളെയുടെ സ്വപ്നങ്ങള്‍ തേടി കുട്ടികള്‍ വീണ്ടും പഠനത്തിന്റെ പാതയിലേക്ക്. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടത്തിയ ജില്ലാതല പ്രവേശനോത്സവം എം.കെ.രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിന് സ്‌കൂളുകള്‍ പ്രാധാന്യം നല്‍കുകയും ഇതിനായി പ്രത്യേക പരിശീലനം ഒരുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരി എംഎല്‍എ വിടി സൂരജ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനകിറ്റിന്റെയും, യൂണിഫോമിന്റെയും വിതരണം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ നിര്‍വ്വഹിച്ചു.
സപ്ലിമെന്റ് പ്രകാശനം നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളിയും, പാഠ പുസ്തക വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീമകുന്നുമ്മല്‍ നിര്‍വ്വഹിച്ചു.
പ്രീ പ്രൈമറി കിറ്റ് വിതരണം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയിലും, രസതന്ത്ര കിറ്റ് വിതരണം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസറും നിര്‍വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ യു.കെ അബ്ദുള്‍ നാസര്‍, വടകര ഡിഇഒ പി. ഗീത, സജീഷ് നാരായണന്‍, സുജാത, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി അശോക്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുജ, സാജിറ അനസ്, താമരശ്ശേരി ഡിഇഒ ഷറഫുദ്ദീന്‍, പേരാമ്പ്ര എഇഒ കെ.വി പ്രമോദ്, സജിന്‍ മാത്യൂ, കൈറ്റ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ മനോജ്, ജിജീഷ് മോന്‍, എന്‍.നിസാര്‍, രാജഗോപാല്‍, ആദര്‍ശ് പുതുശ്ശേരി, അശോകന്‍, പിടിഎ പ്രസിഡണ്ട് സത്യന്‍ കളിയാപ്പൊയില്‍, ഇ.വിനോദ് കുമാര്‍, നടുവണ്ണൂര്‍ ജി എച്ച് എസ് എസ് പ്രധാനധ്യാപകന്‍ എം കെ.നിഷിദ്, സ്റ്റാഫ് സെക്രട്ടറി പി ബി അഭിത തുടങ്ങിയവര്‍ സംസാരിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണര്‍ മുനീര്‍ എരവത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രിന്‍സിപ്പാള്‍ ഇ.കെ ഷാമിനി നന്ദിയും പറഞ്ഞു.തുടര്‍ന്ന് മജീഷ്യന്‍ വി യു ശ്രീജിത്ത് മാജിക് ഷോ അവതരിപ്പിച്ചു.
Content Highlight: This year's district-level entrance ceremony at Naduvannur School















































.jpg)
