പേരാമ്പ്ര : യുവജന പ്രക്ഷോപങ്ങളിലൂടെ പൊതുപ്രവര്‍ത്തനത്തിലെ നേതൃനിരയിലേക്ക് ഉയര്‍ന്ന് വന്ന യുവത്വത്തിന്റെ പ്രതീകം ഷിജി കൊട്ടാരക്കല്‍ നൊച്ചാടിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്. നിലവില്‍ ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആയ ഷിജി കൊട്ടാരക്കലിനെ പ്രസിഡന്റാക്കാന്‍ സിപിഐ (എം) തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് ഭരണത്തിലെ അനുഭവ സമ്പത്തും ജന സ്വീകാര്യതയുമാണ് ഷിജി കൊട്ടാരക്കലിനെ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഷിജി കൊട്ടാരക്കല്‍ ഇത് മൂന്നാം തവണയാണ് ഗ്രാമ പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുക്കപ്പെടുന്നത്. 2015 ലും 2020 ലും വെള്ളിയൂരില്‍ നിന്നും ജനവിധിതേടിയ ഷിജി കൊട്ടാരക്കല്‍ വാര്‍ഡ് 7 കൈതക്കലില്‍ നിന്നുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്. അനുഭവസമ്പത്തും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ച ഷിജി 2020-25 കാലയളവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സനായും ഭരണ രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്വങ്ങളിലൂടെ ജനപ്രതിനിധിയായി നടത്തിയ സേവന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലും ജനങ്ങളുമായുള്ള ആത്മ ബന്ധവും ഇവരെ വീണ്ടും മികച്ച ഭൂരിപക്ഷത്തില്‍ കൈതക്കല്‍ വാര്‍ഡില്‍ നിന്ന് തെഞ്ഞെടുക്കുകയായിരുന്നു. കലാലയ രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയ രംഗത്തെത്തിയ ഷിജി മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ ബിരുദ പഠന കാലത്ത് എസ്എഫ്ഐ യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വന്നത്. തുടര്‍ന്ന് യുവജന രാഷ്ട്രീയ രംഗത്തും സജീവമായി. ഡിവൈഎഫ്ഐ നൊച്ചാട് മേഖല ഭാരവാഹിയായും പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ സിപിഐ (എം) വെള്ളിയൂര്‍ നോര്‍ത്ത് ബ്രാഞ്ച് അഗമാണ്. മഹിളാ അസോസിയേഷന്‍ വില്ലേജ് കമ്മറ്റി അംഗവും പികെഎസ് നൊച്ചാട് വില്ലേജ് കമ്മറ്റി അംഗവുമാണ്. അധ്യാപന വൃത്തിയില്‍ താലപര്യമുണ്ടായിരുന്ന ഷിജി ബിഎ ബിഎഡ് ബിരുദധാരിയാണ്. സമാന്തര കലാലയങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. കോഴിക്കോട് ആകാശവാണി നിലയത്തില്‍ താത്കാലിക അനൗണ്‍സറായി ജോലി ചെയ്തിരുന്നു, നല്ലൊരു ഗായിക കൂടിയായ ഷിജി കൊട്ടാരക്കല്‍. പ്രവാസിയായ ഭര്‍ത്താവ് ബിജുവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മികച്ച പിന്തുണയോടെയാണ് രാഷ്ട്രീയ രംഗത്ത് ഉന്നത സ്ഥാനത്ത് എത്താന്‍ ഇവരെ സഹായിച്ചത്.


Shiji Kottarakkal to become president of Nochadu

































