മാനന്തവാടി : മാനന്തവാടി മെഡിക്കല്‍ കോളെജില്‍ പ്രസവിച്ച 21 കാരിയുടെ ശരീരത്തിനകത്ത് 75 ദിവസത്തോളം കോട്ടണ്‍ തുണി ഇരുന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രസവിച്ച യുവതിയുടെ വയറില്‍ നിന്ന് തുണി പുറത്ത് വന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്.
ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന്റെ ഓഫീസ് കോണ്‍ഗ്രസ് ഉപരോധിച്ചു.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് മാനന്തവാടി മെഡിക്കല്‍
കോളെജില്‍ യുവതി പ്രസവിച്ചത്. 23 ന് ഡിസ്ചാര്‍ജും ചെയ്തു. കടുത്ത വേദനയെ തുടര്‍ന്ന് രണ്ടുതവണ മെഡിക്കല്‍ കോളെജില്‍ എത്തിയെങ്കിലും സ്‌കാനിങ് നടത്തിയില്ല എന്നാണ് പരാതി. കഴിഞ്ഞമാസം 29-ാം തീയതി തുണിയുടെ കെട്ട് പുറത്തുവന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും രംഗത്ത് വന്നു.


സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. യുവതിയില്‍ നിന്നും ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ചു. ശരീരത്തില്‍ നിന്ന് ലഭിച്ച തുണി കഷണം ഹാജരാക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു. മന്ത്രി ഒ.ആര്‍. കേളുവും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
DMO orders investigation into incident where cotton cloth was found inside the body of a 21-year-old woman who gave birth






























