മേപ്പയൂര്‍: അമ്പരപ്പിക്കുന്ന മിനിയേച്ചര്‍ നിര്‍മ്മാണവുമായി മുഹമ്മദ് റിഷാന്‍ ശ്രദ്ദേയനായിരിക്കുന്നു. സംസാരിക്കാനും കേള്‍ക്കാനുമുള്ള തന്റെ പരിമിതികളെ വകവയ്ക്കാതെ കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് മേപ്പയ്യൂര്‍ മുയിപ്പോത്ത് സ്വദേശിയായ മുഹമ്മദ് റിഷാന്‍.
മേപ്പയൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ആനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് റിഷാന്‍. സ്‌കൂള്‍ പഠനത്തിനൊപ്പം തന്നെ തന്റെ കഴിവും പ്രകടമാക്കിയിരിക്കുകയാണ് റിഷാന്‍ നിര്‍മ്മിക്കുന്ന മനോഹരമായ മിനിയേച്ചര്‍ നിര്‍മ്മിതികളിലൂടെ. സംസാരിക്കാനും കേള്‍ക്കാനുമുള്ള തന്റെ കുറവ് തന്റെ മിനിയേച്ചര്‍ നിര്‍മ്മിതിയിലുള്ള കഴിവിന് ഒരിക്കലും ഒരു തടസ്സമാകില്ലെന്ന് തെളിയിക്കകൂടിചെയ്തിരിക്കുന്നു റിഷാന്‍.
വലിയ കെട്ടിടങ്ങളും വാഹനങ്ങളും മറ്റു നിര്‍മ്മിതികളും കണ്ട് മനസ്സിലാക്കി അതേപടി വളരെ ചെറിയ രൂപത്തില്‍ പുനര്‍ നിര്‍മ്മിക്കുന്നതിലാണ് റിഷാന്റെ കഴിവ് തെളിയിച്ചത്. ഓരോ ചെറിയ ഭാഗങ്ങളും കൃത്യമായ അളവിലും അതീവ സൂക്ഷ്മതയോടും കൂടിയാണ് റിഷാന്‍ നിര്‍മ്മിക്കുന്നത്. ഉപയോഗശൂന്യമായ വസ്തുക്കള്‍ പോലും റിഷാന്റെ കൈകളില്‍ എത്തുമ്പോള്‍ മനോഹരമായ കലാസൃഷ്ടികളായി മാറുന്നു.
റിഷാന്റെ ഈ അപൂര്‍വ്വ കഴിവിനെ പ്രോത്സാഹിപ്പിക്കാന്‍ അധ്യാപകരും കൂട്ടുകാരും നാട്ടുകാരും ഒപ്പമുണ്ട്. തന്റെ പരിമിതികളെ കലയിലൂടെ അതിജീവിച്ച റിഷാന്‍, സമാനമായ സാഹചര്യങ്ങളുള്ള ഒട്ടേറെ പേര്‍ക്ക് പ്രചോദനമാണ്. ഭാവിയില്‍ ഒരു മികച്ച ആനിമേഷന്‍ പ്രൊഫഷണലാവണമെന്നാണ് മുഹമ്മദ് റിഷാന്റെ ലക്ഷ്യം. മുയിപ്പോത്ത് കിഴക്കനകണ്ടി റഫീഖിന്റെയും സീനത്തിന്റെയും മകനാണ് മുഹമ്മദ് റിഷാന്‍.


Muipoth native Muhammad Rishan creates astonishing miniatures






























