മേപ്പയ്യൂര്‍: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മേലടി ഉപജില്ലാ സമ്മേളനം സംഘടിപ്പിച്ചു. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് എന്ന പേരില്‍ പുതുതായി സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച ക്വിസ് മത്സരത്തിന്റെ മൊഡ്യൂളായി 200 പേജ് വരുന്ന ഭരണ നേട്ടങ്ങള്‍ മാത്രം വിവരിച്ചു കൊണ്ടുള്ള പത്രിക പ്രസിദ്ധീകരിച്ച് ഇതിനെ അടിസ്ഥാനമാക്കി സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ തിരക്കിട്ട് മെഗാ ക്വിസ് നടത്തുന്നത് വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണെന്ന് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ സമ്മേളനം കുറ്റപ്പെടുത്തി.
തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ഭരണ വിരുദ്ധ വികാരം മറി കടക്കാന്‍ പൊതുവിദ്യാഭ്യാസ മേഖലയെ ദുരുപയോഗപ്പെടുത്തുന്ന രീതി തീര്‍ത്തും അപലനീയവും, സര്‍ക്കാറിന്റെ ഊതിപ്പെരുപ്പിച്ച വികസന മാതൃക കുട്ടികളുടെ തലച്ചോറില്‍ കുത്തിവെക്കാനുള്ള നീക്കം അപകടകരമായ പ്രവണതയുമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.സി. സുജയ, ടി.കെ. രജിത്ത്, ടി. സതീഷ് ബാബു, ജെ.എന്‍. ഗിരീഷ്, പി.കെ. അബ്ദുറഹ്‌മാന്‍, കെ.വി. രജീഷ് കുമാര്‍, പി. കൃഷ്ണകുമാര്‍, ഒ.പി. റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
2026-27 വര്‍ഷത്തെ ഉപജില്ലാ ഭാരവാഹികളായി കെ. നാസിബ് പ്രസിഡന്റ്, ടി.കെ. രജിത്ത് സെക്രട്ടറി, ഒ.പി. റിയാസ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.


Attempt to misuse the education sector to promote administrative gains is condemnable: KPSTA Meladi Sub-District Conference

































