പേരാമ്പ്ര: ഉത്രാടം നാളില്‍ ജനങ്ങളുടെ ക്ഷേമമന്വേഷിച്ച് ഓണപ്പൊട്ടന്‍ നാടുകാണാനെത്തി. മാവേലിയുടെ പ്രതിപുരുഷനാണ് ഓണപൊട്ടന്‍. ഓണേശ്വരന്‍ കയറിയ വീട്ടില്‍ ഐശ്യര്യം വരുമെന്നാണ് വിശ്വാസം. മുഖത്ത് ചായം പൂശി ചുവന്ന പട്ടുടുത്ത് തലയില്‍ തെച്ചിപ്പൂവേന്തിയ കിരീടവും കുരുത്തോല കുടയും കുടമണി കിലുക്കിയുമായാണ് ഓണപ്പൊട്ടന്‍ എത്തിയത്.
ഉത്രാടം നാളിലും തിരുവോണത്തിനുമാണ് ഓണപൊട്ടന്‍ വീടുകള്‍ തോറും കയറയിറങ്ങുന്നത്. ഓണത്തോടനുബന്ധിച്ച് കെട്ടിയാടുന്ന തെയ്യരൂപമാണിത്. വേഷം കെട്ടിയാല്‍ പിന്നെ സംസാരിക്കില്ല അതുകൊണ്ടാണ് ഓണേശ്വരനെ ഓണപൊട്ടന്‍ എന്നും വിളിക്കുന്നത്. ഒന്നും മിണ്ടാതെ കൈയ്യിലുള്ള ഓട്ടുമണികിലുക്കിയാണ് വരവറിയിക്കുക. ഒരിക്കലും കാല്‍നിലത്തുറപ്പിക്കാതെ പ്രത്യേകതാളം ചവിട്ടി ഓടിയാണ് ഓണപ്പൊട്ടന്‍ സഞ്ചരിക്കുക. അരിയും പണവുമാണ് ഓണപ്പൊട്ടന് ദക്ഷിണയായി നല്‍കുക. വീട്ടുകാര്‍ നിറനാഴിയും നിലവിളക്കും ഒരിക്കിയാണ് ഓണേശ്വരനെ വരവേല്‍ക്കുക.
ഒരു ഓണപ്പൊട്ടന്‍ കയറിയ വീട്ടില്‍ മറ്റൊരു ഓണപ്പൊട്ടന്‍ കയറാറില്ല. ദേശം തിരിച്ചാണ് വീടുകള്‍ കയറുന്നത്. മലയ സമുദായത്തില്‍പ്പെട്ടവരാണ് പരമ്പരാഗതമായി ഓണപ്പൊട്ടന്‍ വേഷത്തിലെത്തുന്നത്. എന്നാല്‍ ഇന്ന് ക്ലബ്ബുകള്‍ക്ക് വേണ്ടിയും സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും മറ്റു സമുദായത്തില്‍ പെട്ടവരും ഇന്ന് വേഷം കെട്ടുന്നതായി കാണാം.
ഉത്രാടത്തിനും തിരുവേണത്തിനും കുടമണി കിലുക്കവുമായി നാട്ടിടവഴിയിലൂടെ പ്രജകളെ കാണാനെത്തുന്ന ഓണപ്പൊട്ടന്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് നയന മനോഹര കഴ്ച തന്നെയാണ്. ഇനി ഈ കാഴ്ച കാണണമെങ്കില്‍ അടുത്ത ഓണം വരെ കാത്തിരിക്കണം.


The pot is cracked and the Onam festival has arrived






































