താമരശേരി: സെൻ്റ് അൽഫോൻസാ പാലിയേറ്റീവ് ആൻഡ് ജെറിയാട്രിക് കെയറിന്റെ കുളത്തുവയൽ മേഖലാ വളണ്ടിയർ സംഗമം താമരശേരി രൂപത ഡയറക്ടർ റവ. ഫാ. ഡോ. ബിനു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. രോഗികളുടെ അരികിൽ നിന്ന് അവരെ കേൾക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് പാലിയേറ്റീവ് വോളണ്ടിയർ പ്രവർത്തനങ്ങൾ വിജയകരമാകുന്നതെന്ന് അദ്ദേഹം പ്രസംഗിച്ചു.രൂപതാ പ്രസിഡൻ്റ് ബേബി സെബാസ്റ്റ്യൻ കൂനന്താനം അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പ്രസാദ് സിംഗ് ചന്ദ്രൻകുന്നേൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പാലിയേറ്റീവ് പ്രവർത്തന രംഗത്ത് 20 വർഷം പൂർത്തിയാക്കിയ മേഖലാ പ്രസിഡൻ്റ് ജോസ് തോണക്കരയെ രൂപതാ ഡയറക്ടർ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. പാലിയേറ്റീവ് നഴ്‌സിംഗ് രംഗത്ത് 15 വർഷത്തിലധികം നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്സ് സുബൈദ ബഷീറിനെ കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഫാ. ഡോ. തോമസ് കളരിക്കൽ ഉപഹാരം നൽകി ആദരിച്ചു.
താമരശേരി രൂപതാ സെൻ്റ് അൽഫോൻസാ പാലിയേറ്റീവ് കെയറിന്റെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ബേബി സെബാസ്റ്റ്യനെ പെരുവണ്ണാമൂഴി ഫാത്തിമ മാതാ ഇടവക വികാരി റവ. ഫാ. അബ്രഹാം വള്ളോപ്പള്ളി പൊന്നാടയണിച്ച് ആദരിച്ചു.ജോസ് തോണക്കര, ലിസി ജഗൻ മുക്കള്ളിൽ, റോസിലിൻ കല്ലൂർ, ഗ്രേസി കൊടൂർ എന്നിവർ പ്രസംഗിച്ചു.
St. Alphonsa Palliative Volunteer Meet inaugurated







































