കോഴിക്കോട്: ഫറൂഖ് ചെറുവണ്ണൂര്‍ അരീക്കാട് സ്വകാര്യ ഡെന്റ്റല്‍ ക്ലിനിക്ക് സമരാനുകൂലികള്‍ അടപ്പിക്കുന്നത് കണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ 24 ന്യൂസ് റിപ്പോര്‍ട്ടറും ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍ യൂണിയന്‍ (ഐആര്‍എംയു) ഫറൂഖ് മേഖല കമ്മിറ്റി അംഗവുമായ മുസമ്മിലിന് നേരെയാണ് അക്രമമുണ്ടായത്. മുപ്പതോളം വരുന്ന സമരാനുകൂലികള്‍ ഇദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ ധരിച്ചു കൊണ്ട് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മുസമ്മിലിന്റെ ഐഡി കാര്‍ഡ് വലിച്ചു പൊട്ടിക്കുകയും കഴുത്തിന് പുറത്തും മറ്റുമായി ഇടിക്കുകയും, മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും, ചെയ്തു എന്ന് മുസമ്മില്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അക്രമകാരികളില്‍ നിന്നും അവിടെ എത്തിയ നല്ലളം പൊലീസ് ഇന്‍സ്പക്ടര്‍ മുസമ്മലിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ മുസമ്മില്‍ ചെറുവണ്ണൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തില്‍ ഐആര്‍എംയു ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
Journalist attacked by protest supporters in Farooq







































