പേരാമ്പ്ര : ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരില്‍ കാണാന്‍ ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തിനിടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ മുതുവണ്ണാച്ചയിലെ കരിങ്ങാട്ട് വീട്ടിലെത്തി ചിരുത മുത്തശ്ശിയുടെ അനുഗ്രഹം തേടുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തിരുവോണനാളില്‍ ചിരുതമ്മയ്ക്ക് ഓണക്കോടിയുമായി ഷാഫി പറമ്പില്‍ മുത്തുവണ്ണാച്ചയിലെ വീട്ടിലെത്തി അവരോടൊപ്പം ഓണസദ്യ കഴിച്ചതിനുശേഷമാണ് മടങ്ങിയത്. ഈ ദൃശ്യങ്ങള്‍ എംപിയുടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് വൈറലായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതിരുന്ന ചിരുതമ്മ (106) ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ വെച്ച് മരണപ്പെട്ടു.
താന്‍ മരണപ്പെട്ടാല്‍ ഷാഫി നല്‍കിയ വസ്ത്രങ്ങള്‍ ധരിപ്പിക്കണമെന്ന് ചിരുതമ്മ അന്ത്യാഭിലാഷമായി മക്കളെ അറിയിച്ചിരുന്നു. മരണവിവര മറിഞ്ഞതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി കരിങ്ങാട്ട് വീട്ടിലെത്തി ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനന്ദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വി.പി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.എസ് നിധീഷ്, കെ.എം ഇസ്മായില്‍, കെ.കെ സാറ, പി ശാലിനി, ഇ.എം അഷ്റഫ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.


Shafi Parambil came to see Chiruthamma for the last time at perambra







































