പേരാമ്പ്ര: ത്യാഗത്തിന്റെ നറുവെണ്ണയൊഴുക്കി സ്നേഹത്തിന്റെ മുരളീരവമുയര്‍ത്തി ശാന്തിയുടെ മയില്‍പ്പീലി ചാര്‍ത്തി വീണ്ടുമൊരു ജന്മാഷ്ടമി ആഘോഷിച്ചു.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയുടെ വിവിധ പ്രദേശങ്ങളായ പേരാമ്പ്ര ടൗണ്‍, കല്ലോട് , എരവട്ടൂര്‍, കൈപ്രം , ചേനായി, വാല്യക്കോട്, ചേനോളി, പരപ്പില്‍, ഉണ്ണിക്കുന്നും ചാലില്‍ എന്നിവടങ്ങളില്‍ നിന്നും എത്തിയ ചെറുശോഭായാത്രകള്‍ കല്ലോട് വഴങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്രസന്നിധിയില്‍ സംഘമിച്ച് മഹാശോഭായാത്രയായി പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രസന്നിധിയില്‍ സമാപിച്ചു. മഹാശോഭായാത്ര കാണുവാന്‍ വന്‍ ജനാവലി നേരത്തെ തന്നെ എത്തിചേര്‍ന്നിരുന്നു.
മഞ്ഞപ്പട്ടുടുത്ത് വേണുവൂതുന്ന നുറുകണക്കിന് ഉണ്ണിക്കണ്ണന്‍ന്മാരും, പട്ടുചേല ചുറ്റിയ ഗോപികമാരും ഭഗവത് സന്ദേശങ്ങള്‍ നല്‍കുന്ന മനോഹര ദൃശ്യങ്ങളും അണിനിരന്ന മഹാശോഭ യാത്രയില്‍ ആയിരക്കണക്കിന് ഭക്തന്‍മാരും അണിചേര്‍ന്നു.
ഗോപികാ നൃത്തവും, കൈകൊട്ടിക്കളിയും 'ഹരേരാമ ഹരേ കൃഷ്ണ'സങ്കീര്‍ത്തനങ്ങളുമായി കടന്നു വന്ന മഹാശോഭായാത്ര അക്ഷരാര്‍ത്ഥത്തില്‍ പേരാമ്പ്രയെ ഒരു അമ്പാടി തന്നെയാക്കി മാറ്റി.


In Perampra, the Shrikrishna Jayanti procession was celebrated



































