പേരാമ്പ്ര: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാനവും ജനുവരി 18 ന് വൈകുന്നേരം 4.30 ന് പേരാമ്പ്ര ഡിഗ്നിറ്റി കോളെജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തുടനീളം ആയിരത്തിലധികം കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തോളം പഠിതാക്കളുള്ള പഠന വേദിയാണ് ഖുര്‍ ആന്‍ സ്റ്റഡീ സെന്റര്‍ കേരള. ഖുര്‍ ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബു റഹ്‌മാന്‍ നിര്‍വ്വഹിക്കും. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്‌മദ് മുഖ്യ പ്രഭാഷണം നടത്തും.
പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി സാജിത, മുഫ്തി അമീന്‍ മാഹി, ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ കേരള ഡയറക്ടര്‍ അബ്ദുല്‍ ഹകീം നദ്വി, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി തുടങ്ങിയവര്‍ സംസാരിക്കും.


ബഷീര്‍ മുഹ്യുദ്ധീന്‍, അഡ്വ. മുബശ്ശിര്‍ അസ്ഹരി എന്നിവര്‍ നയിക്കുന്ന 'ഖുര്‍ആന്‍ ഹൃദയ വസന്തം' നടക്കും. 2025 വാര്‍ഷിക പരീക്ഷയിലെ സംസ്ഥാനതല റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും.
ഖുര്‍ആന്‍ സമ്മേളനം ജനറല്‍ കണ്‍വീനര്‍ സഈദ് എലങ്കമല്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് കോഴിക്കോട്, ജില്ലാ സമിതിയംഗം എം.എം മുഹ്യുദ്ധീന്‍, ഖുര്‍ആന്‍ മീഡിയ കണ്‍വീനര്‍ അബ്ദുല്‍ അസീസ് മുയിപ്പോത്ത്, ഖുര്‍ആന്‍ സമ്മേളനം കണ്‍വീനര്‍ സ്വാഗതസംഘം പി.എം അബ്ദുള്ള തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Quran conference and awards ceremony on January 18







































